Saturday, August 18, 2007

കേട്ടറിഞ്ഞ ഓണം

'പൂക്കളം,സദ്യ,നാട്ടിലെ ഓണം...എന്ത് രസമായിരുന്നൂല്ലേ?ഇവര്‍ക്കൊന്നും ഓര്‍മ്മകള്‍പോലുമില്ല..ഈ ഫ്ലാറ്റിലെ വീര്‍പ്പുമുട്ടലുകള്‍ മാത്രം..നമ്മുടെ ആ കാലം..'വീഡിയോ ഗേമിന്‍‌റെ ഇടയിലും അതു പറഞ്ഞ അങ്കിളിനെ വെറുതെ നോക്കി..നാട്,വീട്,ഭക്ഷണം,സംസ്കാരം,ഭാഷ....എന്തിനെക്കുറിച്ചും ഇത്തരം പറച്ചിലുകള്‍ പുത്തരിയായിരുന്നില്ല...നഷ്ടപ്പെടുന്നതിനെക്കുറിച്ച് വ്യാകുലപ്പെടുന്ന പ്രവാസികള്‍,മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ആ കണക്കു തന്നെയാണ്...
'മാവേലി നാടു വാണീടും കാലം' എന്നു തുടങ്ങുന്ന കവിത പഠിക്കുന്നത് ഒന്നിലോ രണ്ടിലോ ആണ്...ഓണത്തെക്കുറിച്ചാദ്യമായി അറിയുന്നതും അപ്പോഴാണ്..മലയാളപ്രക്ഷേപണങ്ങള്‍,സ്റ്റേജ് ഷോകളൊന്നുമില്ലാത്തതാവാം അതിനുമുമ്പ് കേള്‍ക്കാതിരുന്നത്...വീട്ടിലും ആഘോഷമുണ്ടായിരുന്നില്ല..

ഓണത്തെക്കുറിച്ചറിഞ്ഞതിനു ശേഷം മനസ്സ് നിറയെ സംശയങ്ങളായിരുന്നു..മാവേലി എപ്പോഴാ വര്വാ?രാവിലെയോ വൈകീട്ടോ?ചിത്രത്തിലെ പോലെ ഷര്‍ട്ടിടാതെ വന്നാല്‍ എല്ലാരും കളിയാക്കില്ലേ?ഞങ്ങളും കേരളീയരല്ലേ,പിന്നെന്താ മാവേലി ഇവിടെ വരാത്തത്?ഞങ്ങടെ ക്ഷേമത്തെക്കുറിച്ചെന്താ മാവേലിക്ക് ഒരു ചിന്തയുമില്ലാത്തത്?മാവേലി വണ്ടിയില്‍ കയറുമോ?നടന്നു വരുമ്പോ മഴ നനയാതിരിക്കുവാന്‍ ഓലക്കുട മതിയാവുമോ?
മറ്റൊരു സംശയം ഓണസദ്യയെക്കുറിച്ചായിരുന്നു..ഇലയില്‍ ചോറുണ്ണുന്നതെങ്ങനെ?കറികള്‍ ഒഴിക്കുമ്പോള്‍ ഇലയ്ക്കു പുറത്ത് പോകില്ലേ?എന്തിനാ ഒരുപാട് കറികള്‍...മൂന്നോ നാലോ മതിയാവില്ലേ?പൂക്കളത്തെക്കുറിച്ചുമുണ്ടായിരുന്നു സംശയങ്ങള്‍...മുറ്റമില്ലാത്തവര്‍,ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ എവിടെയാ പൂക്കളമിടുന്നത്?കാറ്റ് വന്നാല്‍ പൂക്കളം കേട് വരില്ലേ?സംശയങ്ങളുടെ പട്ടിക ഇനിയുമൊരുപാട് നീളും...ഒരിക്കലും ആരോടും ചോദിക്കാന്‍ ധൈര്യപ്പെടാത്ത സംശയങ്ങള്‍..
ആദ്യമായി പൂക്കളം കാണുന്നതും സദ്യ ഉണ്ണുന്നതും ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന് ചടങ്ങിലാണ്..പിന്നെപ്പിന്നെ ഓണത്തിന് മത്സരങ്ങളും അഘോഷങ്ങളും കൂടിക്കൂടി വന്നു..സംഘടനകളുടെ എണ്ണം കൂടിയതിന്റെ ഗുണങ്ങ[?]ളിലൊന്ന്...പലപ്പോഴും ഈ ആഘോഷങ്ങള്‍ കാശിനെച്ചൊല്ലി പിരിയുന്നതും കണ്ടിട്ടുണ്ട്..മാവേലി ഇങ്ങോട്ട് വരാത്തത് ഭാഗ്യം എന്നു കരുതാറുണ്ട്...എല്ലാ ആഘോഷങ്ങളെപ്പോലെ ഓണവും പണം കൊഴുപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമായി മാറിക്കഴിഞ്ഞു...
വികലമായ ഓര്‍മ്മകള്‍ പ്രവാസിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ‘സംസ്കാരം’ ജീവിതത്തിന്റെ ഭാഗമായി അംഗീകരിച്ച നമുക്ക് പറയാം ‘ഞങ്ങടെ കാലത്ത് ലോകത്ത് ഒരുപാട് നന്മകളുണ്ടായിരുന്നു..നിങ്ങക്കൊന്നും ആ ഭാഗ്യമില്ല..’