Tuesday, June 06, 2006

സാറ്‌ മാറരുതായിരുന്നു....

"ഇത്താ,സാറ്‌ പറഞ്ഞു ബിനുവങ്കിളിന്‍റെ മലയാളം ശരിയല്ലെന്ന്"
അവളുടെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി...
പണ്ട്‌ ഈ സാറാണ്‌ ഞങ്ങളോട്‌ ബിനുവങ്കിളിന്‍റെ ഉച്ചാരണം ശ്രദ്ധിക്കണമെന്നും അതേ രീതിയില്‍ ഉച്ചരിക്കാന്‍ പഠിക്കണമെന്നൊക്കെ പറഞ്ഞിരുന്നത്‌...സാറിനിതെന്തു പറ്റി?
ബിനുവങ്കിള്‍ ഒരു റേഡിയോ അവതാരകനായിരുന്നു.ഗള്‍ഫ്‌ നാടുകളില്‍ ഏറെ പ്രശസ്തനും...ഗള്‍ഫില്‍ റേഡിയോ എന്ന മാധ്യമത്തിന്‍റെ സ്വാധീനം അപാരമാണ്‌. അവതാരകരും ശ്രോതാക്കളും തമ്മില്‍ നല്ലൊരു ആത്മബന്ധം കാത്തു സൂക്ഷിക്കുന്നതും കാണാം.
ഞങ്ങളുടെ മലയാളം അദ്ധ്യാപകനായിരുന്ന മജീദ്‌ സാര്‍ മംഗ്ലീഷില്‍ സംസാരിച്ചാല്‍ നല്ല ചുട്ടടി തന്നിരുന്നു.
"ഉച്ചാരണരീതി മനസ്സിലാക്കാന്‍ ബിനുവിന്‍റെ പരിപാടി കേട്ടാല്‍ മതി".
സാറിന്‍റെ ഈ സ്ഥിരം പല്ലവി പലപ്പോഴും കുട്ടികളായ ഞങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ട്‌.
"ഈ മലയാളം ഇല്ലായിരുന്നെങ്കില്‍......"
"സാറിനെ ഇന്നു വൈകീട്ടു കാണ്വോല്ലോ.. ഞാന്‍ ചോദിക്കാം സാറങ്ങനെ പറയാന്‍ കാരണമെന്താന്ന്?"അനിയത്തിയെ ഉപദേശിക്കേണ്ടിയിരുന്നില്ലെന്ന ആത്മഗദത്തോടെ ഞാനവളോട്‌ പറഞ്ഞു.
വീണ്ടും ചിന്ത റേഡിയോയെക്കുറിച്ചായി.ആരംഭകാലത്ത്‌ വെറുമൊരു മണിക്കൂറു മാത്രമായിരുന്നു പ്രക്ഷേപണസമയം..ഇപ്പോഴത്‌ 24 മണിക്കൂറുമുണ്ട്‌. അന്ന് മലയാളത്തെ സ്നേഹിക്കുന്നവരായിരുന്നു ആ മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരൊക്കെയും.....ഇന്നത്‌ കച്ചവടത്തിന്‍റെ,ലാഭംകൊയ്യലിന്‍റെ മറ്റൊരു മാര്‍ഗ്ഗം മാത്രം..ശുദ്ധമായി മലയാളം സംസാരിച്ചിരുന്നവര്‍പ്പോലും ഇപ്പോള്‍ മംഗ്ലീഷിലാണ്‌ അവതരിപ്പിക്കുന്നത്‌...ഒരു ചാനല്‍ കൂടി വരാന്‍ പോകുന്നെന്ന് പത്രപ്രവര്‍ത്തകസുഹൃത്ത്‌ പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരുന്നു..ഇപ്പോള്‍ തന്നെ നാലെണ്ണമുണ്ട്‌!!!ഇനിയൊരെണ്ണംകൂടി...ആര്‍ക്കുവേണ്ടി?...അത്രമാത്രം മലയാളികളുണ്ടോ ഇവിടെ??...
വൈകീട്ട്‌ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു,
"സാര്‍,എന്തേ ബിനുവങ്കിളിന്‍റെ മലയാലം ശരിയല്ലാന്ന് സാറ്‌ പറഞ്ഞേ?"ആ ചോദ്യത്തില്‍ ഇത്തിരി പരിഹസവുമുണ്ടായിരുന്നു എന്നു പറയാതെ വയ്യ...
ചിരിച്ചുകൊണ്ട്‌ സാറ്‌ പറഞ്ഞു,"മലയാളംകൊണ്ട്‌ ഇന്നു ജീവിച്ചുപോകാനൊക്കില്ല.ഭാഷ എന്നത്‌ ഒരു കമ്മ്യൂണിക്കേഷന്‍ മീഡിയം മാത്രം...പതിനഞ്ച്‌ വര്‍ഷമായി ഞാനിവിടെ പഠിപ്പിക്കുന്നു..ഒരൊറ്റ കുട്ടിയെങ്കിലും മലയാളത്തില്‍ ഡിഗ്രിയെടുത്തോ?[ആ വാക്കുകളില്‍ നിരാശയുണ്ടായിരുന്നോ?]പിന്നെ ബിനു...അവന്‍റെ ഇന്നത്തെ ഉച്ചാരണം കേട്ടാ തോന്നും അവന്‍ അമേരിക്കയിലാ ജനിച്ചതെന്ന്...സെമി,ജീവിതം നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു നെട്ടോട്ടമാണ്‌...അയാള്‌ മാറിയത്‌ അയാളുടെ നിലനില്‍പ്പിനുവേണ്ടിയായിരിക്കും.. ഞാനയാളെ കുറ്റം പറയില്ല..."
ഈ സാറിനിതെന്തു പറ്റി?..ഒരുപാട്‌ മാറിയിരിക്കുന്നു...ഭാഷയെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത്‌ മജീദ്‌ സാറാണ്‌.അദ്ദേഹംതന്നെ അതിലൊന്നും അര്‍ത്ഥമില്ലെന്ന് പറയുന്നു...ബിനുവങ്കിളും മാറിയിരിക്കുന്നു...യുവത്വത്തിന്‍റെ ചോരത്തിളപ്പുകൊണ്ടാണോ പണ്ട്‌ അങ്ങനേയൊക്കെ പറഞ്ഞിരുന്നത്‌?അതൊക്കെ സെന്‌ട്രല്‍ ഏസിയിലിരുന്ന് മരവിച്ചോ?അതോ പ്രായത്തിന്‍റെ പക്വതയോ?...
എങ്ങനെയായാലും ഇതൊന്നും അംഗീകരിക്കാന്‍ എനിക്ക്‌ തോന്നിയില്ല...എന്‍റെ ചോരത്തിളപ്പാണോ എന്നറിയില്ല...ആര്‌ മാറിയാലും ഞാന്‍ മാറില്ല...പ്രായത്തിന്‍റെ പക്വത എനിക്കില്ലാതിരിക്കട്ടെ...

വാല്‍കഷ്ണം:അല്‍പ്പം പേടിച്ചിട്ടാണെങ്കിലും സാറിന്‌ എന്‍റെ ബ്ലോഗ്‌ കാണിച്ചു കൊടുത്തു...ഉടനെ തന്നെ എനിക്ക്‌ തലയ്ക്കൊരു കൊട്ട്‌ തന്നു....അക്ഷരത്തെറ്റ്‌ കണ്ടുപിടിക്കാന്‍ സാറിനെപ്പോലൊരു മിടുക്കന്‍....പണ്ട്‌ 'മധ്യത്തില്‍' എന്നതിന്‌ 'മദ്യത്തില്‍' എന്നെഴുതിയതിനടിച്ചത്‌ ഓര്‍മ്മ വന്നു.
ചായയുണ്ടാക്കാന്‍ ഞാന്‍ അടുക്കളയിലേക്ക്‌ പോയി എന്നുറപ്പ്‌ വരുത്തിയതിനുശേഷം സാറ്‌ പുള്ളിക്കാരനോട്‌ പറഞ്ഞു,"അവളുടെ വെബ്പേജ്‌ കാണിച്ചുകൊടുത്ത്‌ ഞാനാണ്‌ സെമിയെ പഠിപ്പിച്ചത്‌ എന്ന് നാലാളോട്‌ പറയണം...ഇവിടത്തെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതെന്തിനാ എന്ന ചോദ്യത്തിനുത്തരമായി.........."അടുക്കളയില്‍നിന്ന് ഈ വാക്കുകള്‍ കേട്ട എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
ജീവിതത്തിലിതിനേക്കാള്‍ വലിയൊരംഗീകാരം വേറെന്തുണ്ട്‌??....

13 comments:

ശനിയന്‍ \OvO/ Shaniyan said...

ഉദര നിമിത്തം ബഹുകൃത വേഷം, എന്നല്ലേ സെമീ?
അതെ, ആ അദ്ധ്യാപകന്റെ അംഗീകാരം തന്നെ കിട്ടേണ്ടതില്‍ വലുത്.. മലയാളത്തേ ഇത്രയധികം സ്നേഹിക്കുന്ന സെമിക്കു കിട്ടേണ്ട അംഗീകാരം തന്നെ അത്..

ആ മാഷിനും, സെമിക്കും വന്ദനം!!

Inji Pennu said...

സെമി
എനിക്കങ്ങടു ഇഷ്ടപെട്ടു ഇത്. മലയാളത്തില്‍ ഡിഗ്രീ എടുത്തില്ലെങ്കിലും വരും തലമുറക്കു മലയാളം മറക്കാതിരിക്കാന്‍ മലയാളം മാധ്യമങ്ങള്‍ ശ്രദ്ധിക്കണം എന്നു എനിക്കു തോന്നുന്നു...
പക്ഷെ അമേരിക്കന്‍ ഇംഗളീഷ് പോലെ
(ചിലപ്പൊ സധാരണ വ്യാകരണ തെറ്റുകള്‍ പോലും അമേരിക്കക്കാര്‍ വര്‍ഷങ്ങളായി കൊണ്ടു നടക്കുന്നതു കാണാം..)

കാലം ചെല്ലുംന്തോറും ഭാഷയിലും മാറ്റങ്ങള്‍ വരും എന്നു തോന്നുന്നു... പെരിങ്ങോടര്‍ ചേട്ടന്റെ ബ്ലോഗും അതിലെ വാക്കുകളും കാണുംബോള്‍ ഇനി ജീ‍വിതത്തില്‍ മലയാളം ഞാന്‍ എഴുതി കൊല്ലക്കൊല ചെയ്യില്ല എന്നു വിചാരിക്കും...
പിന്നെ മറന്നുപോവും..:)

സന്തോഷ് said...

സാറിന് ഇനിയുമിനിയും അഭിമാനിക്കാന്‍ വക നല്‍കുക...

ബിന്ദു said...

മലയാളത്തോടു കാണിക്കുന്ന ഈ ആത്മാര്‍ത്ഥത തന്നെയാണു നമ്മുടെ ഭാഷയോടു ചെയ്യുന്ന ഏറ്റവും നല്ല കാര്യം. ഇനിയും എഴുതൂ... വരും തലമുറകളേയും പ്രോത്സാഹിപ്പിക്കൂ..
:)

കുറുമാന്‍ said...

മജീദ് സാറിനേ പോലുള്ള അധ്യാപകരും, സെമിയേ പോലുള്ള വിദ്യാര്‍ത്ഥികളും ഉള്ളിടത്തോളം കാലം, മലയാളം മരിക്കില്ല. നന്നായി സെമി

ചില നേരത്ത്.. said...
This comment has been removed by a blog administrator.
ചില നേരത്ത്.. said...

മലയാളം ഉച്ചാരണത്തെ അതിന്റെ ഏറ്റവും മോശമായ രീതിയില്‍ കേട്ടിട്ടുള്ളത് ഗള്‍ഫ് റേഡിയോകളില്‍ ആണ്. വഴിയാത്രകളിലെ നീണ്ട സമയങ്ങളിലെപ്പോഴും ഉച്ചരിച്ച് ഉച്ചരിച്ച് ഭാഷയെ ഉച്ഛാടനം ചെയ്യാന്‍ അവതാരികമാര്‍ക്കുള്ള കഴിവൊന്ന് വേറെ തന്നെയാണ്.
ജീവന് തുല്യം മലയാണ്മയെ പുല്‍കുന്ന അനേകരില്‍ ഒരാളാകാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യം സമിയെ പോലെ എനിക്കുമുണ്ട്.

ഈ കുറിപ്പ് അതിന്റെ ആശയം കൊണ്ട് ഹൃദ്യമായിരിക്കുന്നു. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

ദേവന്‍ said...

"അവളുടെ വെബ്പേജ്‌ കാണിച്ചുകൊടുത്ത്‌ ഞാനാണ്‌ സെമിയെ പഠിപ്പിച്ചത്‌ എന്ന് നാലാളോട്‌ പറയണം"
ഇതിലും വലിയ ഒരംഗീകാരവും, അവാര്‍ഡും, പ്രശസ്തിയും കിട്ടാനില്ല സമീഹാ.

ഇബ്രൂ,
മലേഷ്യയില്‍ ഒരു ഡോക്റ്ററെ കാണാനിടയായി. അവര്‍ക്ക്‌ 46 വയസ്സുണ്ട്‌. അവരുടെ അപ്പൂപ്പന്‍ ബ്രിട്ടീഷ്‌ സര്‍ക്കാരുദ്യോഗസ്ഥനായി 20 വയസ്സില്‍ ലേഷ്യയിലെത്തിയതില്‍ പിന്നെ ആ കുടുംബത്തിനു നാടുമായി ഒരു ബന്ധവും ഇല്ല. അവരുടെ അച്ഛന്‍ തുടങ്ങി ആരും കേരളം കണ്ടിട്ടുപോലും ഇല്ല. എന്നിട്ട്‌ അവര്‍ സംസാരിക്കുന്നത്‌ വടിവൊത്ത മലയാളം. "ആക്ച്ചുവലി ഞാന്‍ കൊരച്ച്‌ കൊരച്‌" എന്നു പറയുന്നവരെ കാണുമ്പോള്‍ ഞാന്‍ അവരെയോര്‍ക്കും. പിന്നെ അതുപോലെ ചിലരെക്കൂടി. ഇനിയിപ്പോ സമീഹയേയും ഓര്‍ക്കും.

(റേഡിയോ അനൌണ്‍സര്‍ ആയി ജോലി കിട്ടാന്‍ ഇവിടെ വിവരമില്ലാതിരുന്നാല്‍ മാത്രം മതി.)

chithal said...

രണ്ടു ദിവസം മുമ്പു കുറച്ചു ഗള്‍ഫന്‍ വിദ്യാര്‍ത്വികളില്‍ സമിയെ ഞാന്‍ ഉദാഹരിച്ചു മാത്‌ര്‍കയായി.പിന്നെ അവതാരകരെ ഒരുപാട്‌ കുറ്റപ്പെടുത്തണ്ടാ, ഇവിടുള്ളവന്‍മാര്‍കൊത്ത്‌ അവന്‍മാര്‍ വേഷം കെട്ടുന്നു എന്നേയൊള്ളൂ

sami said...

shaniyan:നന്ദി
lg:പ്രാദേശികഭാഷകള്‍ പലതും കാലഹരണപ്പെട്ടുപോകുമെന്ന് ഗവേഷണഫലം....മലയാളം അതില്‍പ്പെടാതിരിക്കട്ടെ
സന്തോഷ്:സാറ് ചുമ്മ പറഞതാ..എന്‍റെ കപ്പാസിറ്റി എനിക്കറിഞ്ഞൂടെ...
ബിന്ദു:താങ്സ്
കുറുമാന്‍:താങ്സ്
ibru,ദേവരാഗം,firoze,പൂര്‍ണ്ണമായി അവതാരകരെ കുറ്റം പറയാനൊക്കില്ല...അരങ്ങത്തുള്ളത് പലപ്പോഴും വ്യാജമാണെന്ന് സത്യം...പക്ഷെ ഇത്രയും കാലം മലയാളത്തില്‍ സംസാരിച്ചിരുന്നവര്‍ മലയാലികലാവുമ്പോള്‍ എന്തോ...ഒരു...
മാറാന്‍ തയ്യാറല്ല എന്ന കാരണത്താല്‍ ജോലി നഷ്ടപ്പെട്ടവരെ എനിക്കറിയാം...
മലയാളപ്രക്ഷേപണനിലയിലിരിക്കുന്നവര്‍പ്പോലും ഈ മാറ്റംഅംഗീകരിക്കുന്നില്ലഎന്നത്
ഒരു സത്യം...പക്ഷെ അവരെ നിയന്ത്രിക്കാന്‍ അവരുടെ മുകളില്‍ ലാഭക്കണ്ണു മാത്രമുള്ള മാനേജ്മെന്‍റുണ്ടല്ലോ...
nb:Malayalam is our mother tongue..like mothers milk..no other language can match mother tongue to reach out into soul and inner conscience..but a fact remains..English has surpassed all languages reaching out all corners of world and merged with all civilisations and thoughts..no language is greater than English for that matter..so pls dont discourage and underestimate.. look kamala surayya and arundhathi roy crossed horizens of world literature through english.. i think and genuinely feel u could write well in english..
എനിക്ക് കിട്ടിയ ഒരു ഓഫ്ലൈന്‍...ഇങനെ ചിന്തിക്കുന്നവര്‍ക്കെന്തു മറുപടി??

കലേഷ്‌ കുമാര്‍ said...

പോസ്റ്റ് നന്നായി സമീ.
ദേവന്‍ പറഞ്ഞത് 100% സത്യം. എന്റെ സ്വന്തം പെങ്ങള്‍ ഇവിടെ ഒരു റേഡിയോയില്‍ ഏതാണ്ട് 8-10 മാസം ജോലി നോക്കിയിരുന്നു (അത്രയും നാള്‍ അവള്‍ നിന്നത് തന്നെ എന്റെ നിര്‍ബ്ബന്ധം കൊണ്ടാണ്. ഒരു ദിവസം രാവിലെ അവളെനിക്കൊരു എസ്.എം.എസ് അയച്ചു - “ഞാന്‍ രാജിവച്ചു“ എന്ന് ) - അവര്‍ക്ക് വിവരമില്ലാത്തവരെ മാത്രം മതി. പിന്നെ, ചിലര്‍ ആ വേഷം കെട്ടുന്നു - പിടിച്ച് നില്‍ക്കാനായിട്ട്.

കാഴ്ച്ചക്കാരന്‍ said...

എനിക്ക്‌ 'മലയാലമരിയില്ലെന്ന്' ഒട്ടും സങ്കോചമില്ലാതെ പറയുന്നവരെ ആദ്യമായി കണ്ടപ്പോള്‍ അത്ഭുതം തോന്നിയിരുന്നു, ദോഹയില്‍ വന്ന പാടെ. പിന്നെയാണ്‌ മനസ്സിലായത്‌ സങ്കോചം കൂടാതെ എന്നല്ല അഭിമാനത്തോടെയാണ്‌ പലരും തങ്ങളുടെ ഈ അറിവില്ലായ്മ പ്രകടിപ്പിക്കുന്നതെന്ന്. മോളുടെ മലയാളം ഉച്ഛാരണം ശരിപ്പെടുത്തണമെന്ന് ഒരു സ്നേഹിതനോട്‌ ഉപദേശിച്ചപ്പോള്‍ ഇങ്ങനെത്തന്നെ പറഞ്ഞു പഠിക്കുന്നതിലാണ്‌ അന്തസ്സെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌!!

ഇങ്ങനെ തുടങ്ങിയാല്‍ നമ്മളെവിടെയെത്തിച്ചേരുമെന്നതാണ്‌....

Abhilash | അഭിലാഷ് said...

"അവളുടെ വെബ്പേജ്‌ കാണിച്ചുകൊടുത്ത്‌ ഞാനാണ്‌ സെമിയെ പഠിപ്പിച്ചത്‌ എന്ന് നാലാളോട്‌ പറയണം...ഇവിടത്തെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതെന്തിനാ എന്ന ചോദ്യത്തിനുത്തരമായി.........." അടുക്കളയില്‍നിന്ന് ഈ വാക്കുകള്‍ കേട്ട എന്‍റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിലിതിനേക്കാള്‍ വലിയൊരംഗീകാരം വേറെന്തുണ്ട്‌??....

ശരിയാണ് സമീഹ, ഇതു തന്നെയാണ് വലിയ അംഗീകാരം. മജീദ് സാറിനെ പോലെ എനിക്കും, ഇതു വായിക്കുന്ന ഒരോരുത്തര്‍ക്കും സത്യത്തില്‍‌ തന്നെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നും. പക്ഷെ, നീ ഇനിയും ഒരുപാട് എഴുതണം ... ഒരുപാട് ഒരുപാട്...

എഴുത്ത് തുടരും എന്ന പ്രതീക്ഷയോടെ...